രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്
സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന പര്യടനത്തിൻ്റെ സമാപന ദിനമായ ഏപ്രില്‍ 17ന്‌ ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നിവിടങ്ങിൽ തത്സമയ ക്വിസ് , കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. വികസന ക്ഷേമ പദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു.

തിടനാട് ടൗണിൽ നടന്ന സമാപന ചടങ്ങ് ഈരാട്ടുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജ് സമ്മാന ദാനം നിർവ്വഹിച്ചു. പൊതു പ്രവർത്തകരായ അലക്സാണ്ടർ പൗവ്വത്തിൽ, പി.സുഭാഷ് എന്നിവർ പങ്കെടുത്തു.ഈരാറ്റുപേട്ടയിൽ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, കൗൺസിലർ നാസർ വെള്ളുപറമ്പിൽ എന്നിവരും തീക്കോയിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസും സമ്മാന ദാനം നിർവ്വഹിച്ചു.ആദ്യ ദിനമായ ശനിയാഴ്ച മുണ്ടക്കയം,പാറത്തോട് എരുമേലി മൂക്കൂട്ടുതറ എന്നിവിടങ്ങളിലായിരുന്നു പര്യടനം .