സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാത്രമേ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥലം സുതാര്യമായി ഏതു രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. പരമാവധി വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമിക്കും. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും പൂര്‍ണ സഹകരണം ഉറപ്പു വരുത്തി എത്രയും വേഗം 18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കും. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ട പരിഹാരം നല്‍കും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികള്‍ ആരംഭിക്കും. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാര്‍ മേഖലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതാപം നഷ്ടപ്പെടാതിരിക്കാന്‍ റണ്‍വേ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. എത്രയും വേഗം 18.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമാണ് റണ്‍വേ വികസനത്തിന് സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി , എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.