10,000 കോടി രൂപയുടെ നിക്ഷേപം
കേരളത്തിന്റെ പുരോഗതിയില്‍ ചരിത്രമാറ്റം
ഓരോ നിമിഷവും വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി പശ്ചാത്തലസൗകര്യം ഒരുക്കാനാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ക്ക് 50 ശതമാനം വീതം പങ്കാളിത്തമുളള കമ്പനിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്. ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നല്‍കുകയും തുടര്‍ന്ന് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പ്രത്യേക കമ്പനി രൂപീകരിക്കുകയും ചെയ്തു. കേരളം കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി. ഈ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ദ്രുതപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
പദ്ധതിയുടെ ഭാഗമായി 328 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. മെയ് മാസത്തോടെ 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുളള പ്രയത്‌നത്തിലാണ്. കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം അയ്യംമ്പുഴയില്‍ 543 ഏക്കര്‍ ഭൂമി കണ്ടെത്തി. പാലക്കാട് കണ്ണമ്പ്രയില്‍ 312 ഏക്കറും പുതുശ്ശേരി ഒന്നാം ഘട്ടത്തില്‍ 653 ഏക്കറും രണ്ടാം ഘട്ടത്തില്‍ 558 ഏക്കറും മൂന്നാം ഘട്ടത്തില്‍ 375 ഏക്കറും ചേര്‍ന്ന് നാല് സ്ഥലങ്ങളിലായി 1898 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് (ഗിഫ്റ്റ്) സിറ്റിയില്‍ ബാങ്കിങ്, മാര്‍ക്കറ്റ്, ഇന്‍ഷൂറന്‍സ്, ഐടി/ഐടിഇഎസ്, ബിസിനസ്, അക്കൗണ്ടിങ്. ആര്‍&ഡി, വിനോദം എന്നീ മേഖലകളിലായിരിക്കും പ്രാധാന്യം നല്‍കുക. മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഗിഫ്റ്റ് സിറ്റി വഴി സൃഷ്ടിക്കും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന വ്യവസായ സമുച്ചയങ്ങളാണ് ഇവിടെ ഉണ്ടാകുക.
പാലക്കാട് ക്ലസ്റ്ററിനായി 1860 കോടി രൂപയും ഗിഫ്റ്റ് പദ്ധതിക്കായി 540 കോടി രൂപയുമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്കും. ഇടനാഴിയുടെ ഭാഗമായി ഭക്ഷ്യസംസ്‌ക്കരണം, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍, മറ്റ് ഖര മാലിന്യങ്ങളുടെ പുനരുപയോഗം, ലൈറ്റ് എഞ്ചിനിയറിങ്, ഇലക്ട്രോണിക്‌സ്, എണ്ണ-വാതക ഇന്ധനങ്ങള്‍, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് വ്യവസായ ഇടനാഴി പദ്ധതി വഴി ലക്ഷ്യമിടുന്നത്.
വ്യവസായ ഇടനാഴി പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുരോഗതി അവലോകനം നടത്തുന്നുണ്ട്. വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലും തുടര്‍ പ്രവര്‍ത്തനങ്ങളും സസൂക്ഷ്മം വിലയിരുത്താനായി പോര്‍ട്ടല്‍ വഴി മോണിറ്ററിംഗ് സംവിധാനവും നിലവിലുണ്ട്. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തിന് ലഭിക്കുക. കേരളത്തിന്റെ വളര്‍ച്ചാ ചരിത്രത്തിലേക്കുളള കുതിച്ചുചാട്ടമാകും ഈ പദ്ധതി. സാമൂഹികനേട്ടങ്ങള്‍ക്കൊപ്പം വ്യവസായവളര്‍ച്ചയും ആധുനിക തൊഴില്‍ മേഖലയിലെ മുന്നേറ്റവും ഉറപ്പുവരുത്തുന്നതിനൊപ്പം വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കലുമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.