തീരദേശ മേഖലയായ വൈപ്പിന്‍കരയെ വികസന പാതയിലേറ്റാന്‍ നിരവധി റോഡുകളും പാലങ്ങളും ഒരുങ്ങുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ പാതകള്‍ പൂര്‍ത്തിയാകുന്നതോടെ വൈപ്പിന്‍കരയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകും.
വൈപ്പിന്‍ – പള്ളിപ്പുറം സമാന്തര പാതയുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. കാലവര്‍ഷത്തിനു മുമ്പ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങളില്‍ അതിര്‍ത്തി നിര്‍ണയിച്ചശേഷം വീതികൂട്ടല്‍ പൂര്‍ത്തീകരിക്കും. എടവനക്കാട് ഇഖ്ബാല്‍ റോഡിന്റെ വീതികൂട്ടലും പുരോഗമിക്കുകയാണ്. എത്രയും വേഗം റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാകും.
നബാര്‍ഡിന്റെ ഗ്രാമീണ റോഡ് നവീകരണ, പുനരുദ്ധാരണ പദ്ധതിയില്‍ 15 എസ്റ്റിമേറ്റുകളാണു തയ്യാറാക്കുന്നത്. പള്ളിപ്പുറം കോണ്‍വെന്റ് പാലത്തിന്റെ 24 ബീമുകളില്‍ 11 ഉം എട്ട് സ്‌ളാബുകളില്‍ ഒരെണ്ണവും നിര്‍മ്മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കൂടാതെ നായരമ്പലം ഹെര്‍ബര്‍ട്ട് റോഡിന് അതിര്‍ത്തിക്കല്ലുകള്‍ ഇട്ടുവരികയാണ്. മുനമ്പം – അഴീക്കോട് പാലം, പിഴല – കടമക്കുടി, മുളവുകാട് റിംഗ് ബണ്ട് റോഡ്, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ നടപടിക്രമങ്ങളും പുരോഗമിക്കുന്നു.
ചെറിയ കടമക്കുടി – പിഴല പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ക്ക് വൈകാതെ തുടക്കമാകും. കോതാട് – ചേന്നൂര്‍ പാലത്തിന്റെ രൂപകല്‍പ്പനയും വേഗത്തില്‍ പൂര്‍ത്തിയാകും. ചേന്നൂര്‍ – ചരിയംതുരുത്ത് പാലത്തിന്റെ പ്രാഥമിക രൂപകല്‍പ്പന കഴിഞ്ഞു. ചേന്നൂര്‍ – പിഴല പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷനും പൂര്‍ത്തിയായി. ഉടന്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കും.
ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വൈപ്പിനിലെ 8 പാലങ്ങള്‍ക്കാണ് ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയിട്ടുള്ളത്. മാലിപ്പുറം പാലം, കേരളേശ്വരം പാലം, പെരുമ്പിള്ളി ബീച്ച് പാലം, ഞാറക്കല്‍ – മഞ്ഞനക്കാട് പാലം, ബോള്‍ഗാട്ടി – എറണാകുളം പാലം, കാളമുക്ക് പാലം, കടക്കര പാലം, പൂക്കാട് പാലം എന്നിവയാണ് പുതിയ പദ്ധതികള്‍.
പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ യാത്രാ ക്ലേശങ്ങള്‍ക്കു പരിഹാരമാകുന്നതിനൊപ്പം ജീവിത നിലവാരം ഉയര്‍ത്താനും സഹായകമാകും. വൈപ്പിന്‍ നിയോജകമണ്ഡലത്തിന്റെ സര്‍വോന്മുഖമായ വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ വഴി വൈപ്പിന്‍ മേഖലയിലെ ജനങ്ങളുടെ ജീവിതശൈലിയേയും, ടൂറിസം മേഖലയെയും ഗുണകരമായ രീതിയില്‍ സ്വാധീനിക്കും. കഴിഞ്ഞ മാര്‍ച്ച് 31ന് മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയായ വൈപ്പിന്‍ – പള്ളിപ്പുറം സംസ്ഥാന പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.