ജനജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍
സഹകരണ മേഖലയ്ക്ക് മികച്ച ജനപിന്തുണ: മുഖ്യമന്ത്രി

സഹകരണ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച സഹകരണ എക്സ്പോ 2022 ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനനം മുതല്‍ മരണംവരെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സഹകരണ സംഘങ്ങള്‍ സഹായവുമായി സജീവമാണ്. അതുകൊണ്ടുതന്നെ എല്ലാമേഖലയില്‍ നിന്നും സഹകരണ സംഘങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നു. എന്നാല്‍ സഹകരണ മേഖലയ്ക്ക് എതിരെ നിര്‍ഭാഗ്യകരമായ ചില നീക്കങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായി. ഈ നീക്കങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതു കേരളത്തിലെ സഹകാരികള്‍ എല്ലാവരും യോജിച്ചുനിന്നു ചെറുത്തതുകൊണ്ടാണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ദേശീയ പ്രസ്ഥാനകാലത്ത് ഉണ്ടായതാണ്.അതുകൊണ്ടുതെന്ന ജനകീയ സ്വഭാവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ഉല്‍പന്നങ്ങളും സേവനങ്ങളും വ്യക്തയോടെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹകരണ എക്‌സ്‌പോയ്്ക്ക് കഴിയും. അതോടൊപ്പം സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഈ എക്‌സ്‌പോ ഉപകരിക്കും. അതില്‍ ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നത് വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും വ്യത്യസ്തമായ മേഖലകളെക്കുറിച്ചും വിശദമായ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ടെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്സ്പോയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ചെണ്ടമേളം വേദിയില്‍ അവതരിപ്പിച്ച മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ മന്ത്രി വി.എന്‍. വാസവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. ഡെയ്ലി ബുള്ളറ്റിന്‍ മന്ത്രി പി. രാജീവ് ടി.ജെ വിനോദ് എംഎല്‍എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.