മറൈന്‍ ഡ്രൈവില്‍ 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത സഹകരണ എക്‌സ്‌പോ പവലിയനില്‍ 210 സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയില്‍ എത്തിയിട്ടുണ്ട്. ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് സഹകരണ എക്സ്പോ. 8000 ചതുരശ്ര അടിയില്‍ തീര്‍ത്ത ഫുഡ് കോര്‍ട്ടില്‍ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. എല്ലാ ജില്ലകളില്‍ നിന്നുള്ള സഹകാരികളും സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും മേള കാണാനെത്തും. മേളയില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനും കഴിയും.

സഹകരണ മേളയുടെ ഭാഗമായി എല്ലാ ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഓരോ മേഖലയിലെയും വിദഗ്ധരുടെ പ്രബന്ധാവതരണവും വിദഗ്ധ പാനലുകളുടെ വിശകലനങ്ങളുമുണ്ടാകും.

സാംസ്‌കാരിക സായാഹ്നങ്ങളില്‍ സ്റ്റീഫന്‍ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഊരാളി ബാന്‍ഡ്, കൃഷ്ണ പ്രഭ ജയിന്‍കാ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ആത്മയുടെ ടിവി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

25 നാണ് സഹകരണ എക്സ്പോ സമാപിക്കുന്നത്. വിവിധ പുരസ്‌കാരങ്ങളുടെ വിതരണം സമാപന സമ്മേളനത്തില്‍ നടക്കും. സമാപന സമ്മേളനത്തിന് ശേഷം സ്റ്റീഫന്‍ ദേവസിയുടെ ലൈവ് ഷോയുമുണ്ടാകും.