വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

പെയിന്റിംഗ് ജോലിക്കിടെ 11 KV ലൈനിൽ നിന്ന് ഷോക്കേറ്റ് വലതുകൈ നഷ്ടപ്പെട്ട പേയാട് സ്വദേശി അനിൽകുമാറിന് കെ.എസ്. ഇ. ബി 10 ലക്ഷം രൂപ ധനസഹായം നൽകി. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അനിൽകുമാറിന്റെ വസതിയിൽ എത്തിയാണ് ധനസഹായം കൈമാറിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെയാണ് ഏണിയിൽ നിന്ന് വഴുതി വീണ അനിൽകുമാറിന് 11 KV ലൈനിൽ നിന്ന് വൈദ്യുതാഘാതമേൽക്കുന്നത്. തുടർന്ന് വലതു കൈ പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. അനിൽകുമാറും ഭാര്യയും ബധിരരും മൂകരും ആണ്. വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കളുണ്ട്. കുടുംബത്തിന്റെ പ്രത്യേക പശ്ചാത്തലം പരിഗണിച്ചാണ് ഇത്തരത്തിൽ ധനസഹായം നൽകാൻ ബോർഡ് തീരുമാനിച്ചതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൂടാതെ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നൽകണമെന്നും മന്ത്രി പറഞ്ഞു. അനിൽ കുമാറിന് രണ്ട് ലക്ഷവും മക്കൾക്ക് നാല് ലക്ഷം വീതവുമാണ് കെ.എസ് ഇ.ബി ധനസഹായമായി നൽകിയത്. ഐ.ബി സതീഷ് എം.എൽ.എ, കെ. എസ്. ഇ. ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.