തിരുവനന്തപുരം: സംസ്ഥാനത്ത് കായിക പരിശീലനം കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. വിവിധ കായിക ഇനങ്ങളില്‍ കൃത്യമായ പരിശീലനം നേടാന്‍ താരങ്ങള്‍ക്ക് ഇത് വഴി സാധിക്കും. ഒരു മാസത്തിനുള്ളില്‍ പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. കുളത്തൂര്‍ പഞ്ചായത്തിലെ പരുത്തിയൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക വകുപ്പും ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായി സംസ്ഥാനത്തെ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും. ജൂണ്‍ മാസം മുതല്‍ എല്ലാ വിദ്യാലയങ്ങളിലും ഈ പരിശീലനം ലഭ്യമാകും. കൂടാതെ ആള്‍ ഇന്ത്യ അത്‌ലെറ്റ്‌സ് ഫെഡറേഷന്റെ സഹകരണത്തോടെ അയ്യായിരം കുട്ടികള്‍ക്ക് അത്‌ലെറ്റിക്‌സില്‍ പ്രത്യേക പരിശീലനവും നല്‍കും. മികച്ച കായിക ക്ഷമതയുള്ള താരങ്ങളെ വാര്‍ത്തെടുക്കുകയും കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വഴി രാജ്യത്തെ മാതൃക സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികളും വകുപ്പിന്റെ പ്ലാന്‍ ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്തും.

പൊഴിയൂര്‍ മേഖലയിലെ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കിയാണ് പരുത്തിയൂര്‍ സ്റ്റേഡിയം നവീകരിക്കുന്നത്. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, സിന്തറ്റിക് മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, ഫുട്‌ബോള്‍-ക്രിക്കറ്റ് പരിശീലന പിച്ച്, ഗ്യാലറി കെട്ടിടം, ഡ്രൈനേജ് സംവിധാനം, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. കായികവകുപ്പിന് കീഴിലെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.പൊഴിയൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.