മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ ഗംഭീരമായ തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുതലക്കുളത്ത് നിന്ന് ബീച്ചിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയും ബീച്ചിലെ തുറന്ന വേദിയിൽ അനീഷ് മണ്ണാർക്കാട് അവതരിപ്പിച്ച നാടൻ കലകളും വളയന്നൂർ കലാസമിതി അവതരിപ്പിച്ച പാണ്ടിമേളവും ഉദ്ഘാടന ചടങ്ങിന് പൊലിമയേകി. മന്ത്രിസഭാ വാർഷികത്തിന്റെ ജില്ലാ തല ആഘോഷം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർവതല സ്പർശിയായ സമഗ്ര വികസനം എന്ന കാഴ്ചപ്പാടോടെയാണ് വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ സർക്കാർ ഇക്കാലയളവിൽ സംഘടിപ്പിച്ചതെന്നും രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ ജനങ്ങളെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വീഡിയോ സ്ക്രീനിലൂടെ മുഖ്യപ്രഭാഷണം നടത്തി. പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവഹിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ കോഴിക്കോടിന്റെ വികസനനേട്ടം വിളിച്ചോതുന്ന വീഡിയോകളുടെ പ്രദർശനവും വേദിയിൽ നടന്നു.എം എൽ എ മാരായ പി.ടി എ റഹീം, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻ ദേവ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ അനുപം മിശ്ര, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. അയ്യപ്പൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ നന്ദിയും പറഞ്ഞു.തുടർന്ന് പണ്ഡിറ്റ് സുഖദോ ബാദുരി (കൊൽക്കത്ത)യുടെ ഗസലും അരങ്ങേറി. ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയിൽ വിവിധ വകുപ്പുകളുടെ സെമിനാറുകളും കലാപരിപാടികളും അരങ്ങേറും.