പറകൊട്ടിനൊപ്പം ചുവടുവെച്ച് വള്ളുവനാടൻ തിറകൾ.ഒപ്പത്തിനൊപ്പം വള്ളുവനാടൻ പൂതം.
അസുരവാദ്യത്തിന്റെ മേളത്തിനൊപ്പം പാക്കനാർ കോലങ്ങളായ കേത്രാട്ടങ്ങളും മാണി മുത്തപ്പനും. പ്രാദേശിക കലാരൂപങ്ങൾക്ക് താളപ്പൊലിമയേകി ചുവടു വെച്ച് വനിതാ ശിങ്കാരിമേളം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കോഴിക്കോട് നടത്തിയ വർണ്ണാഭമായ ഘോഷയാത്രയിലെ കാഴ്ചകളാണിത്. കേരളത്തനിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മേളക്കൊഴുപ്പേകി. എന്റെ കേരളം പ്രദർശന – വിപണന മേളയുടെ വിളംബരമോതിയ ഘോഷയാത്രയ്ക്ക് എം.എൽ.എ. മാരായ തോട്ടത്തിൽ രവീന്ദ്രൻ, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, കെ.എം. സച്ചിൻദേവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് നാലു മണിക്ക് മുതലക്കുളത്തു നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാതല ആഘോഷവേദിയായ കോഴിക്കോട് ബീച്ചിൽ അവസാനിച്ചു.
സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവും പ്രശസ്ത നാടൻകലാ പ്രവർത്തകനുമായ അനീഷ് മണ്ണാർക്കാടിന്റെ നേതൃത്വത്തിലാണ് സാംസ്കാരിക കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നത്. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ വർണമുദ്രയിലെ പതിനഞ്ചോളം പേരടങ്ങുന്ന വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.ജില്ലയിലെ നൂറോളം വരുന്ന അങ്കണവാടി ജീവനക്കാരും പരിപാടിയുടെ ഭാഗമായപ്പോൾ വിളംബരഘോഷയാത്ര ജനകീയമായി.