കോവിഡ് കാലം കടന്ന്, തൃശൂർ നഗരത്തെ വീണ്ടും ആനന്ദത്തിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം തിങ്കളാഴ്ച നടന്ന ഘോഷയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു, ആയിരങ്ങൾ സാക്ഷിയായി.

കോവിഡിന്റെ വിലക്കുകൾ ഒഴിഞ്ഞതിനെത്തുടർന്നാണ് പ്രൗഢിയോടെ നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചത്. വൈകീട്ട് നാലര മണിയോടെ നായ്ക്കനാലിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ എത്തിയപ്പോഴേക്കും സാക്ഷിയാകാൻ സ്വരാജ് റൗണ്ടിന്റെ ഇരുവശങ്ങളിലുമായി ആയിരങ്ങൾ നിരന്നു.

വാദ്യമേളങ്ങളോടെ ആരംഭിച്ച ഘോഷയാത്രയിൽ തെയ്യം, കാവടിയാട്ടം, കുടമാറ്റം പോലുള്ള നാടൻ കലാരൂപങ്ങളും കുട്ടികളുടെ റോളർ സ്‌കേറ്റിങ്, വർണ്ണബലൂണുകൾ, ബാന്റ് മേളം ഘോഷയാത്രയുടെ പ്രൗഢിയ്ക്ക് മാറ്റുകൂട്ടി. തെക്കേഗോപുരനടയിൽ അവസാനിച്ച ഘോഷയാത്രയിൽ കാളകളിയും കുതിര സവാരിയും വേറിട്ട കാഴ്ചകളായി.

ഘോഷയാത്രയിൽ ആദ്യം അണിനിരന്ന തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ടീമിനൊപ്പം മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, എംഎൽഎമാരായ എ സി മൊയ്തീൻ, ഇ ടി ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ പങ്കെടുത്തു. തൊട്ടുപിറകെയായി വിവിധ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരും അണിനിരന്നു. ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിലുടനീളം പോലീസിനെ വിന്യസിച്ചിരുന്നു.