സർവതല സ്പർശിയായ സമഗ്ര വികസനമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈവിധ്യപൂർണമായ വികസന പ്രവർത്തനങ്ങൾ അർഹതപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ സംബന്ധിച്ച് വികസന കുതിപ്പിന്റെ ആറാം വർഷമാണിത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്കും വികസനത്തിന്റെ ഗുണഫലം ലഭിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാവർക്കും സ്വന്തം പേരിലുള്ള ഭൂമിയിൽ ജീവിക്കുവാനും സ്വന്തമായി കിടപ്പാടം ഉണ്ടാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ ഫലപ്രദമായി വികസന പദ്ധതികൾ നടപ്പാക്കിവരുന്നു.

ജനങ്ങളുടെ അവകാശം സാക്ഷാത്കരിക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കമിട്ട പട്ടയ വിതരണവും ലൈഫും ആർദ്രവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും തുടരുവാൻ ഈ സർക്കാർ തീരുമാനിച്ചത് ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ്. അതോടൊപ്പം അതി ദരിദ്രരെയും പിന്നാക്കാവസ്ഥയിലുള്ളവരെയും കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രത്യേക പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണ്.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സർക്കാർ സേവനം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കി രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ അവരെ ചേർത്ത് നിർത്തുകയാണ് സർക്കാർ ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങൾക്കും സ്വീകരിക്കാവുന്ന ഒരു ബദൽ നയമാണ് നമ്മുടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിവരുന്നത്. എല്ലാ വികസന സൂചികകളിലും രാജ്യത്തെ ഒന്നാംനമ്പർ സംസ്ഥാനമാണ് കേരളം. എന്നാൽ നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം വികസിത രാജ്യങ്ങൾക്ക് തുല്യമായ രീതിയിൽ വളർത്തുവാൻ കഴിയുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. സുസ്ഥിരമായ ഒരു വികസന അന്തരീക്ഷം കേരളത്തിൽ ഒരുക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കാൻ തയ്യാറായിക്കഴിഞ്ഞു. ഗവേഷണത്തിലധിഷ്ഠിതമായതും തൊഴിലധിഷ്ഠിതമായ നൂതന കോഴ്സുകൾ അവതരിപ്പിക്കും. ഐ ടി ഉൾപ്പെടെയുള്ള തൊഴിൽ മേഖലകളും ഇതോടൊപ്പം മാറും.

പശ്ചാത്തല വികസനത്തിന് പുതിയ മാതൃകയായി എൽഡിഎഫ് സർക്കാർ മുന്നോട്ട് വെക്കുന്ന അർധ അതിവേഗ പാതയിലൂടെ ഈ സംസ്ഥാനത്തെ കാൽനൂറ്റാണ്ട് മുന്നിലേക്ക് നടത്തുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭാവി തലമുറയെക്കൂടി കണ്ടാണ് കെ -റെയിൽ പോലുള്ള പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും ഇതിന്റെ ഗുണം മനസ്സിലാക്കികഴിഞ്ഞു. തെറ്റായ പ്രചരണങ്ങളിൽ അകപ്പെട്ടുപോയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുമെന്ന് സർക്കാരിന് ഉറച്ച വിശ്വാസമുണ്ട്. കെ – റെയിലിനായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.