കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 4909 ഇടങ്ങളിൽ നിന്നും 26.8 മെഗാ വാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ 192 മെഗാ വാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്‍റുകളിൽ നിന്നും ലഭിക്കുന്നു.

കായംകുളം താപനിലയത്തിൽ എൽ.എം.ടി ഉപയോഗിച്ച് ഊർജം ഉല്പാദിപ്പിക്കണമെന്ന അധികൃതരുടെ ആവശ്യം മുഖ്യമന്ത്രിയുടെയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്‍റെയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കായല്‍ പരപ്പില്‍ 22 മെഗാവാട്ടിന്‍റെ സൗരോര്‍ജ പ്ലാന്‍റാണ് ആദ്യ ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. 70 മെഗാവാട്ടിന്‍റെ രണ്ടാമത്തെ സൗരോര്‍ജ പ്ലാന്റിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ‍എ.എം.ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എല്‍.എ, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ എസ്.കെ.റാം, കെ.എസ്.ഇ.ബി. ചീഫ് എന്‍ജിനീയര്‍മാരായ എസ്.ആര്‍. ആനന്ദ്, ശശാങ്കന്‍ നായര്‍, ബി.എച്ച്.എല്‍ പ്രതിനിധികളായ എ.ഡി. ചൗധരി, പങ്കജ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.