അര ലക്ഷം പേരെ പുതിയതായി ഭൂമിയുടെ ഉടമകളാക്കി

കഴിഞ്ഞ ആറ് വർഷക്കാലം കേരളത്തിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളുടെ  അടയാളപ്പെടുത്തലായി സർക്കാർ മാറി കഴിഞ്ഞതായി റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്തിന്റെ താഴെ തട്ടിൽ തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെ വിത്ത് വിതക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ
തേക്കിൻകാട് മൈതാനം – വിദ്യാർത്ഥി കോർണറിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിൽ കോവിഡിനെ കൃത്യമായ തയ്യാറെടുപ്പോടെ ചെറുത്ത് നിൽക്കാൻ ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്. പ്രതിസന്ധി കാലത്ത് ആരെയും പട്ടിണിക്കിടാതെ സംരക്ഷിക്കാനായത് ലോകത്തിന് തന്നെ മാതൃകയായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനായെന്നും മന്ത്രി പറഞ്ഞു. എല്ലാ ദുരന്തങ്ങളെയും മറികടന്ന് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കേരളം പുതിയ വികസന പാതയിലേയ്ക്ക് ഉയരുകയാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള പുതിയ വികസന
കാഴ്ച്ചപ്പാടുകൾക്കാണ് സർക്കാർ തുടക്കം കുറിക്കുന്നത്.

പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് ആദ്യ ക്യാബിനറ്റ് ചർച്ച ചെയ്തത്. അര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കാനും കിഫ്ബി പ്രവർത്തനങ്ങളിലൂടെ കേരളത്തിന് പുതിയ മുഖം നൽകുന്നതിനും സർക്കാരിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയും നിരവധി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 64,80,00 വിദ്യാലയങ്ങൾക്ക് പുതിയ മുഖം കൈവരിക്കാനായി. ലോകത്തിന് മുന്നിൽ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. പ്രതിസന്ധികൾക്ക് ഇടയിലും ഈ വർഷം 3200 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ വിഷു കൈനീട്ടമായി നൽകാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി കൂട്ടിചേർത്തു.

എന്റെ കേരളം പ്രദർശന വിപണനമേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. ജനസേവനങ്ങളിൽ ഊന്നിയ വികസന പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് രണ്ടാം പിണറായി സർക്കാരെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമഗ്ര മേഖലയിലും മുന്നേറ്റം കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞു. കിഫ്ബി, റീബിൽഡ് കേരളയിലൂടെ പ്രളയം തകർത്ത റോഡുകളും തോടുകളും മികച്ച രീതിയിൽ പുനർ സൃഷ്ടിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
ഗുണനിലവാരുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതും  നൈപുണ്യ വികസനത്തിൽ മികച്ച പ്രവർത്തനങ്ങൾ കഴ്ച്ച വയ്ക്കാൻ കഴിഞ്ഞതും സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു.