കൃത്യ സമയത്ത് ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൃത്യമായ ഓഡിറ്റും ലാഭകരമായ പ്രവർത്തനവും ഉണ്ടെങ്കിൽ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ. ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമേ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കൂ എന്നും മന്ത്രി പറഞ്ഞു. ജൂൺ 17 നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക വർഷത്തെ റിപ്പോർട്ട് സമർപ്പിക്കണം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ പ്രവർത്തന കാര്യങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത നേടാൻ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വർഷം തുടർച്ചയായി ലാഭകരമായ രീതിയിൽ പ്രവർത്തിക്കുന്നതും ഓഡിറ്റ് കൃത്യമായി സമർപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ വരെയുള്ള ഇടപാടുകളിൽ സ്വയം തീരുമാനമെടുക്കാം. ഓരോ വർഷവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം, എം.ഡി എന്നിവർക്ക് സർക്കാർ പുരസ്‌കാരം നൽകും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ അധികാരങ്ങൾ കൈമാറുന്നതിനായി 28 വിഷയങ്ങൾ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ധനകാര്യം, പ്രോജക്ട് നടപ്പാക്കൽ, എച്ച്.ആർ, ജനറൽ അഡ്മിനിസ്‌ട്രേഷൻ, പാർട്ണർഷിപ്പ് തുടങ്ങിയ മേഖലകളിലാണ് സ്വയംഭരണാധികാരം നൽകുന്നത്.
വിദഗ്ധസമിതി റിപ്പോർട്ട് സമിതി ചെയർമാൻ പോൾ ആന്റണി മന്ത്രിക്ക് കൈമാറി. കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. റിയാബ് ചെയർമാൻ ആർ. അശോക്,  ടി.സി.സി.എൽ എം.ഡി.കെ. ഹരികുമാർ, ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ  പ്രസാദ് കെ. പണിക്കർ എന്നിവരും വാണിജ്യ വ്യവസായ വകുപ്പുകളിലെ  മറ്റ് ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരും യോഗത്തിൽ  പങ്കെടുത്തു.