പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പതിനാലാം പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസനലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളും വലിയ വിജയമാകേണ്ടതുണ്ട്. അതിന് പര്യാപ്തമാകുന്നതരത്തിൽ ത്രിതല പഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും വെവ്വേറെ മാർഗരേഖകളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക വൈജ്ഞാനിക മേഖലകളുടെ പിൻബലത്തോടെ ഉൽപ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ ഉതകുന്ന മാർഗരേഖയാണ് തയ്യാറായിട്ടുള്ളത്. പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകൾ ആർജ്ജിക്കാൻ സമൂഹത്തെ സഹായിക്കും വിധമുള്ള മാർഗരേഖ കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാതരം പാർശ്വവൽക്കരണങ്ങളെയും നിർമാർജനം ചെയ്യുകയും അതിസാധാരണക്കാരെ കൂടി ഉൾക്കൊള്ളുകയും ചെയ്യുന്ന വികസനം സാധ്യമാക്കാൻ മാർഗരേഖ നിഷ്‌കർഷിക്കുന്നു. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭാവനാപൂർണമായ പദ്ധതികൾ വിഭാവനം ചെയ്യാനും സമഗ്രമായ വികസന ഇടപെടലിലൂടെ കേരളീയ ജീവിതത്തിലെ ഗുണമേ•യും സംതൃപ്തിയും സന്തോഷവും വർധിപ്പിക്കാനും മാർഗരേഖ ലക്ഷ്യമിടുന്നു. സവിശേഷ വികസനലക്ഷ്യങ്ങളിലൂടെ പുതിയൊരു സമഗ്ര വികസന കാഴ്ചപ്പാട് മാർഗരേഖ മുന്നോട്ടുവെക്കുന്നു. ദേശീയതലത്തിലെ ക്ഷേമ-വികസന മേഖലകളിലെ പ്രഥമസ്ഥാനം നിലനിർത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പത്തൊൻമ്പതിൽപ്പരം വിഷയങ്ങൾക്ക് പൊതു മുൻഗണന നൽകുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടിയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖയെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.