35 ശതമാനം പാല്‍ ഉത്പാദന വര്‍ധന

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലയില്‍ 8.169 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കി. വിവിധ പദ്ധതികളിലൂടെ 6.629 കോടി രൂപയുടേയും തദ്ദേശ സ്ഥാപനങ്ങളിലൂടെ 1.54 കോടി രൂപയുടേയും പദ്ധതികളാണു പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ 171 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ആരംഭിച്ചതോടെ പാല്‍ ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനായി. പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനായി 655 കറവപ്പശുക്കളെ ജില്ലയില്‍ വിതരണം ചെയ്തു. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 6,250 കര്‍ഷകര്‍ക്കും പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്‍കി. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിച്ച 3,747 ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തി 16.135 കോടി രൂപ അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന വികസന മേഖലയില്‍ 31.42 ലക്ഷം രൂപ ചെലവഴിച്ചു.

ജില്ലയില്‍ 13,500 കര്‍ഷകര്‍ 319 ക്ഷീര സംഘങ്ങളിലൂടെ ഉപജീവനം നടത്തുന്നുണ്ട്. 9,383 കര്‍ഷകര്‍ക്ക് ക്ഷീര കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രതിദിന പാല്‍ നിക്ഷേപം 1.55 ലക്ഷം ലിറ്ററാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 35 ശതമാനം ഉത്പാദന വര്‍ധനയാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി നോര്‍ത്ത് പറവൂര്‍ ബ്ലോക്കിലെ കോട്ടുവള്ളി പഞ്ചായത്തില്‍ നടപ്പിലാക്കി. പുതിയ രണ്ടു ക്ഷീര സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. മൂന്നു ക്ഷീര സംഘങ്ങള്‍ക്കു കെട്ടിടവും രണ്ടു സംഘങ്ങള്‍ക്ക് ഫെസിലിറ്റേഷന്‍ പദ്ധതിയും അനുവദിച്ചു.