അമൃത് 2.0 പദ്ധതി നിർവ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിർവ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തുന്നതിനുമായി തൃശ്ശൂർ കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരകാര്യം) സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ചു. അമൃത് മിഷൻ ഡയറക്ടർ അരുൺ കെ. വിജയൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺസ് ചെയർമാൻ എം. കൃഷ്ണദാസ്, കില ഡയറക്ടർ ഡോ. ജോയി ഇളമൺ തുടങ്ങിയവർ പങ്കെടുത്തു. അമൃത് 2.0 പദ്ധതിയുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിശദീകരിച്ചു. അമൃത് ഡെപ്യൂട്ടി മിഷൻ ഡയറക്ടർ (ഇൻ ചാർജ്ജ) എം.കെ. വിജയകുമാർ ക്ലാസെടുത്തു. ശിൽപ്പശാലയിൽ സെപ്‌റ്റേജ്/സ്വീവേജ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ നഗരസഭാ അധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തി. മൊബൈൽ എസ്.റ്റി.പി. യുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.