വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങളില്‍ കൂടിയുള്ള പ്രദക്ഷിണമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാള്‍. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൂടെയും സമരങ്ങളിലൂടെയുമുള്ള നാള്‍ വഴികളിലൂടെയുള്ള യാത്രയാണ് പ്രദര്‍ശനം. കല്ലുമാല സമരവും മിശ്രഭോജനവും മുതല്‍ കെ റെയില്‍ വരെ കേരളം കടന്നുപോയ പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും ചരിത്രത്തിലൂടെയാണ് സ്റ്റാളിലേക്കുള്ള പ്രവേശനം. ഓര്‍മ്മയിലെ ഓലമേട മുതല്‍ ആധുനികതയുടെ വീടകങ്ങള്‍ വരെ സ്റ്റാളില്‍ കാണാം. ജലയാന ചരിത്രത്തിന്റെ നാള്‍വഴികള്‍, ജനകീയ ഗതാഗതത്തിന്റെ തുടക്കം, വേഷവും സംസ്‌കാരവും, ആരോഗ്യ സംരക്ഷണ മാതൃകകള്‍, കച്ചവടം തുടങ്ങി കേരളത്തിന്റെ ഓരോ പരിണാമദശയും ഒറ്റക്കാഴ്ചയില്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

കേരളത്തിന്റെ സകലകലകളുടെയും ചിത്രരൂപങ്ങള്‍ ആലേഖനം ചെയ്ത ‘കലാകേരളം’, പഴയകാല ഉപകരണങ്ങളും വാസ്തുമാതൃകകളും പരിചയപ്പെടുത്തുന്ന ‘കേരളപ്പഴമ ‘, ഇ എം എസ് മുതല്‍ ഇ കെ നായനാര്‍ വരെയുള്ള കേരള മുഖ്യമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ‘ആധുനിക കേരളത്തിന്റെ ശില്‍പികള്‍’ എന്നീ സ്റ്റാളുകള്‍ ശ്രദ്ധേയമാണ്. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ പുതുതലമുറ എഴുത്തുകാരെ വരെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ഖസാക്കിന്റെ ഇതിഹാസവും അഗ്നിസാക്ഷിയും ശ്യാമമാധവവും ശിഷ്യനും മകനും തുടങ്ങി മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ രൂപങ്ങള്‍ മലയാളഭാഷയുടെ വികാസ പരിണാമങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രരംഗം, വിദ്യാഭ്യാസരംഗം, ദുരന്തമുഖത്തെ നേരിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധികളെ ചെറുത്തു നിന്ന ആരോഗ്യരംഗം, കായിക കേരളത്തിന്റെ കുതിപ്പ്, പശ്ചാത്തല മേഖലകളുടെ വികസന നേട്ടങ്ങള്‍, കാര്‍ഷിക മുന്നേറ്റങ്ങള്‍ എന്നിവ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും വീഡിയോ ദൃശ്യങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാക്കിയിട്ടുണ്ട്. വികസന കുതിപ്പിന് ഗതിവേഗം പകരുന്ന കെ റെയിലിന്റെ നേട്ടങ്ങളും, ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ റോഡുകള്‍ എന്നിവയും ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ നേരിട്ടറിയാം.