അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി കുടുംബിനികള്‍ മേളനഗരിയെ രുചിനഗരിയാക്കി. കൊതിയൂറും രുചിവൈവിധ്യങ്ങളുമായെത്തുന്ന വീട്ടമ്മമാരാണ് ഇനിയുള്ള അഞ്ചു ദിനങ്ങളില്‍ എന്റെ കേരളം പ്രദര്‍ശനനഗരിയിലെ താരങ്ങള്‍. പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചകമത്സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. ആദ്യദിനമായ ചൊവ്വാഴ്ച ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയ വിഭവങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. നാടന്‍ ഇനമായ ചക്ക മുതല്‍ വിദേശിയായ ബ്ലൂബെറി വരെ മത്സരത്തില്‍ വിഭവങ്ങളായി. ചെമ്പരത്തിയും വെള്ളരിക്കയും പച്ചമാങ്ങയും വേറിട്ട വിഭവങ്ങളായി. എങ്കിലും മലയാളിയുടെ തനത് പഴവര്‍ഗങ്ങളായ ചക്കയും മാങ്ങയുമായിരുന്നു താരങ്ങള്‍.

ചക്ക കൊണ്ട് വിഭവങ്ങളൊരുക്കിയ ചാലക്കുടി ബ്ലോക്കിലെ സുനിത സജയനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബ്ലൂബെറി, കിവി ജ്യൂസുകളും സ്‌ട്രോബെറി ഷെയ്ക്കുമായി ചാവക്കാട് ബ്ലോക്കിലെ മുനീറ രണ്ടാം സ്ഥാനവും ചെമ്പരത്തിപ്പൂ ജ്യൂസ്, ബീറ്റ്‌റൂട്ട് ജ്യൂസ്, ചക്ക ഷെയ്ക്ക്, മാങ്ങ ഷെയ്ക്ക് എന്നിവ തയ്യാറാക്കി കുന്നംകുളം നഗരസഭയിലെ ബിജി രജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നായി 12 അംഗങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.

45 മിനുറ്റുകള്‍ക്കകം വിഭവം തയ്യാറാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും പല മത്സരാര്‍ത്ഥികളും ഞൊടിയിടയില്‍ ചെയ്തുതീര്‍ത്തു. അവില്‍ മില്‍ക്ക് ഷേയ്ക്ക്, സ്‌ട്രോബറി ഷെയ്ക്ക്, ചെമ്പരത്തിപ്പൂ ജ്യൂസ്, ക്യാരറ്റ്, പച്ചമാങ്ങ, കിവി, പൈനാപ്പിള്‍, വെള്ളരിക്ക, ബ്ലൂബെറി ജൂസുകള്‍ എന്നിവയും അവയില്‍ സ്ഥാനം പിടിച്ചു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏപ്രില്‍ 13ന് ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ച പാചകമത്സരവിജയികളാണ് ജില്ലാതല പാചക മത്സരത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച പായസങ്ങളുടെ വൈവിധ്യം മേളയില്‍ നിറയും.

പ്രൊഡക്ഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പി ശ്യാം, കെടിഡിസി ഷെഫ് വി മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ദിവ്യ ദിനേശ്, ഐഫ്രം ഫാക്കല്‍റ്റി പ്രവീണ്‍ നാഥ് എന്നിവരടങ്ങുന്ന സംഘമാണ് വിധി നിര്‍ണയിച്ചത്.