നിങ്ങള്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കിയവരാണോ? അപേക്ഷ നല്‍കി ധനസഹായത്തിനു കാത്തിരിക്കുകയാണോ? എങ്കില്‍ ‘എന്റെ കേരളം‘ മെഗാ മേളയിലേയ്ക്ക് വരൂ, ലൈഫ് മിഷനെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും ഇവിടെ ഉത്തരം റെഡിയാണ്. ലൈഫ് പദ്ധതി എന്താണെന്നും എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും മേളയിലെ ലൈഫ് മിഷന്‍ സ്റ്റോളില്‍ വന്നാല്‍ അറിയാം. പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള നിരവധി പേരാണ് സംശയങ്ങള്‍ തീര്‍ക്കാന്‍ സ്റ്റോളില്‍ എത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് അപേക്ഷയില്‍ വന്നിട്ടുള്ള വെരിഫിക്കേഷന്‍, മറ്റു നടപടികള്‍ എന്നിവയെപ്പറ്റിയും അറിയാം. ലൈഫ് മിഷന്‍ പദ്ധതി വഴി ഭവനം എന്ന സ്വപ്നം യാഥാര്‍ഥ്യമായവരുടെ ചിത്രങ്ങള്‍ അവരുടെ സ്വപ്നഭവനങ്ങളുടെ ചിത്രത്തിനൊപ്പം സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ഗുണഭോക്താവിന് വീട് പണിയുന്നതിന് 90 ദിവസത്തെ പണിക്കൂലി, ക്ഷീരകര്‍ഷകനെങ്കില്‍ തൊഴുത്ത് എന്നീ ആനുകൂല്യങ്ങളും പദ്ധതിയോട് ചേര്‍ത്ത് നല്‍കി വരുന്നു.