എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകള്‍. സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദര്‍ശന നഗരിയിലെത്തിയത്.

കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യവുമായാണ് കൃഷി വകുപ്പിന്റെ സ്റ്റാള്‍. മേള കാണാനെത്തുന്ന കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലേക്ക് ചുവട് വെയ്ക്കുന്ന യുവകര്‍ഷകര്‍ക്കും കൃഷിരീതികളെക്കുറിച്ച് മനസ്സിലാക്കാന്‍ കാര്‍ഷിക ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സജ്ജമാക്കായിരിക്കുന്നു. കൂടാതെ കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാളില്‍ കൃഷിരീതികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്റെ സേവനവും ലഭ്യമാണ്.

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി തൊഴില്‍ സജ്ജരാക്കാന്‍ നാല് ശാഖകളില്‍ സേവനം നല്‍കുന്നു. ഐ ടി, ഐ ടി ഇ എസ്, ബാങ്കിങ്, മീഡിയ, പവര്‍, ഭാഷാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിവരങ്ങളും നല്‍കുന്നുണ്ട്. കൗണ്‍സലിങ്, റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങിയവയും നടത്തുന്നു. പതിനാലിലധികം നൂതന മേഖലകളില്‍ നൂറിലധികം സമകാലിക കോഴ്‌സുകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. സ്ത്രീശാക്തീകരണവും പിന്തുണയും ഉറപ്പ് നല്‍കിയാണ് വനിതാ ശിശു വികസന വകുപ്പ്. വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കുന്നതിന് സൈക്കോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്.

ജില്ലയിലെ തെരഞ്ഞെടുത്ത അക്ഷയ സംരംഭകരുടെ നേതൃത്വത്തില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കിയാണ് ഐടി മിഷന്റെ അക്ഷയകേന്ദ്രം. പുതിയ സിം കാര്‍ഡ്, എംഎന്‍പി പോര്‍ട്ടിങ്, എഫ്ടിടിഎച്ച്, മൊബൈല്‍ റീചാര്‍ജ്, സിം ഡ്യൂപ്ലിക്കേഷന്‍ എന്നീ സേവനങ്ങള്‍ ബിഎസ്എന്‍എല്‍ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട
ഭൂനികുതി അടയ്ക്കുള്ളതിനെക്കുറിച്ചും, അനന്തരവകാശം, വരുമാനം, പ്രകൃതിദുരന്ത ധനസഹായം, റവന്യൂ ധനസഹായം, ഭൂമിതരം മാറ്റം, നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ്, ഭൂമി പതിവ് തുടങ്ങിയ തുടങ്ങി വിവിധ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് നല്‍കുന്നു. ഡിജിറ്റല്‍ സര്‍വ്വെ എന്തെന്ന് വ്യക്തമാക്കി വകുപ്പ് രംഗത്തുണ്ട്.

ആരോഗ്യ വകുപ്പ് സ്റ്റാളിലാണ് കൂടുതല്‍ തിരക്കേറുന്നത്. ജീവിതശൈലീ രോഗനിര്‍ണയത്തിനെത്തുന്ന ആളുകളാണ് കൂടുതലായെത്തുന്നത്. മാലിന്യസംസ്‌കരണം എങ്ങനെയെന്ന് വ്യക്തമാക്കി ശുചിത്വമിഷനും ജി എസ് ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കി ചരക്കു സേവന നികുതി വകുപ്പും 213 ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി തദേശ സ്വയംഭരണ വകുപ്പും സൗജന്യമായി കുടിവെള്ള സാമ്പിള്‍ പരിശോധിച്ച് ജലവിഭവ വകുപ്പും സ്മാര്‍ട്ടായി രംഗത്തുണ്ട്.