കണ്ണൂര്‍ വിമാനത്താവളം: ആറ് റോഡുകള്‍ നാലുവരിയാക്കി വികസിപ്പിക്കും ഡിപിആര്‍ നാലു മാസത്തിനകം തയ്യാറാക്കും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രൊപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്ട് റിപ്പോട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള ഏജന്‍സിയെ എത്രയും വേഗം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിപിആര്‍ നാലു മാസത്തിനകം തയ്യാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക്  കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ച് വേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. റോഡ് വികസനത്തിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.