ചെലവു കുറഞ്ഞ കൃഷിരീതികൾ സംസ്ഥാനത്തു വ്യാപകമാക്കണമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആത്മയും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക ഉത്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. നെല്ല് ഉത്പാദനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ഉറപ്പാക്കണം. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്കു ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കൃഷി നാശ നഷ്ടങ്ങൾ അതിജീവിക്കാൻ കർഷകർ ഇൻഷുറൻസ് കവറേജ് എടുക്കണം. ഇതിനെക്കുറിച്ചു കർഷകർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
ഐ.സി.എ.ആർ. കൃഷി വിജ്ഞാൻ കേന്ദ്ര മിത്ര നികേതൻ സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ പി. പത്മകുമാർ, തിരുവനന്തപുരം ആത്മ പ്രൊജക്റ്റ് ഡയറക്ടർ എസ്.ആർ. രാജേശ്വരി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബൈജു എസ്. സൈമൺ, എക്സ്റ്റൻഷൻ കൃഷി അഡിഷണൽ ഡയറക്ടർ എസ്. സുഷമ, എൻ.ഡബ്ലിയു.ഡി.പി.ആർ.എ. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൽ.എസ്. ജയറാണി, സി.ആർ.ഇ.ഡി.ഐ.ടി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീലത, മിത്രാനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘു രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.