കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും ഉച്ചയ്ക്കു രണ്ടിനും ഇടയിൽ ലഭിക്കും.
മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു വരെ നാമനിർദേശ പത്രികകൾ സ്വീകരിക്കും. പത്രികകൾ വരണാധികാരിയുടെ ഓഫിസിൽ തപാൽ മുഖേന എത്തിക്കുകയോ ഓഫിസിനു മുന്നിൽ ഇതിനായി വച്ചിട്ടുള്ള പെട്ടിയിൽ നേരിട്ടു നിക്ഷേപിക്കുകയോ ചെയ്യാം. മേയ് അഞ്ചിന് വൈകിട്ട് അഞ്ചിന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തുടർന്നു സാധുവായി നാമനിർദേശംചെയ്യപ്പെട്ട സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മേയ് ഒമ്പതിന് ഉച്ചയ്ക്കു രണ്ടു വരെ സ്ഥാനാർഥിത്വം പിൻവലിക്കാം. വൈകിട്ട് അഞ്ചിന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
മേയ് 19ന് രാവിലെ 10 മുതൽ മൂന്നു വരെയാണു ബാലറ്റ് പേപ്പർ നൽകുന്നത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ സ്പോർട്സ് കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്ന ശീർഷകത്തിലെ എ, ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പാണു നടക്കുന്നത്. വൈകിട്ടു മൂന്നിനു ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടർന്നു ഫലം പ്രഖ്യാപിക്കും. ഫലം ജില്ലാ സ്പോർട്സ്് കൗൺസിൽ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ സ്പോർട്സ് കൗൺസിലിന്റെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ സ്പോർട്സ് കൗൺസിലുകളുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. മേയ് 25നു രാവിലെ 10നാണ് എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ്.