നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ട: ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതർ. നഷ്ടപരിഹാരവും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കണമെന്നും പദ്ധതി ബാധിതർ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിൻ്റെ റിപ്പോർട്ട് നിർവ്വഹണ എജൻസി ജില്ലാ കലക്ടർക്ക് സമർപ്പിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ലയൺസ് ക്ലബിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ വിളിച്ച് ചേർത്ത പൊതുചർച്ചയിലാണ് പദ്ധതി ബാധിതർ നിലപാടുകൾ വ്യക്തമാക്കിയത്.
പരിഷ്കൃത സമൂഹത്തിൽ വികസന പദ്ധതികൾക്കായി ഭൂമി എറ്റെടുക്കേണ്ടി വരുമ്പോൾ നല്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് നിയമങ്ങളുണ്ടെന്നും നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി ചർച്ചകൾക്ക് മറുപടിയായി വ്യക്തമാക്കി. റോഡ് നിർമ്മാണം കെഎസ്ടിപിയുടെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അല്ലെങ്കിലും ന്യായമായ സമയത്ത് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
പട്ടണത്തിൻ്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നഷ്ടപരിഹാര തുക കൊടുത്ത് തീർത്തതിന് ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പാടുള്ളൂവെന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ ഇടയാക്കരുതെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, പി ടി ജോർജ്, ഫെനി എബിൻ വെള്ളാനിക്കാരൻ, റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, സെൻ്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി അഡ്വ ഹോബി ജോളി എന്നിവർ പങ്കെടുത്തു. കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പ്രൊഫ. നാരായണൻ്റെ നേത്യത്വത്തിലാണ് പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കിയത്.