ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വിണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കിഫ്ബി, പ്ലാന്‍ ഫണ്ട്, എന്‍.എച്ച്.എം. തുടങ്ങിയവ മുഖേന നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.

ഒരോ ആരോഗ്യ സ്ഥാപനത്തിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അതത് സ്ഥാപനങ്ങളില്‍ മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണം. ജില്ലാതലത്തിലും ഈ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ പ്രത്യേകമായി നടത്തണം.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ഒന്‍പത് പേരടങ്ങുന്ന സംഘത്തിന്റെ സേവനം കാത്ത് ലാബില്‍ നല്‍കും. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമേ ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയേയും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തും.

ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യ വകുപ്പിന്റെ സജീവ ഇടപെടലിലൂടെ ശക്തമായ പ്രതിരോധ സംവിധാനം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ എലിപ്പനി ബാധിതരല്ലെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം തുടങ്ങിയ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എ., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.