സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫിസിന്റെ പ്രവര്‍ത്തനം നാടിന്റെ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

താലൂക്ക് അടിസ്ഥാനത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉണ്ടാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കട്ടപ്പന പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ കട്ടപ്പന ആസ്ഥാനമാക്കിയാണ് പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്ഥിതി വിവര കണക്കുകളുടെ ശേഖരണത്തിനും സമാഹരണത്തിനും വിശകലനത്തിനുമുള്ള സംസ്ഥാന നോഡല്‍ ഏജന്‍സിയാണ് കേരള സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്. ഇടുക്കി താലൂക്കില്‍ പുതിയ ഓഫീസ് എന്ന ആവശ്യം മന്ത്രി റോഷി അഗസ്റ്റിന്റെ പരിഗണനയില്‍ എത്തുകയും, മന്ത്രിയുടെ ഇടപെടലില്‍ കട്ടപ്പനയില്‍ പുതിയ ഓഫീസ് അനുവദിക്കുകയുമായിരുന്നു. വകുപ്പിന് ജില്ലയില്‍ നാലു താലൂക്കുകള്‍ ആണ് ഉണ്ടായിരുന്നത്. അഞ്ചു താലൂക്കൂകളിലും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജോലി ഭാരം കുറയുകയും ഗ്രാമ പഞ്ചായത്തുകള്‍ മുതല്‍ സംസ്ഥാനതലം വരെ സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ വളരെ കൃത്യതോടെ വേഗത്തില്‍ ലഭ്യമാകും.

ഉദ്ഘാടന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഓഫീസ് സന്ദര്‍ശിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിതോട്ടം, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് അസി ഡയറക്ടര്‍ ലതാകുമാരി സി.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ അജിത് കുമാര്‍, ജില്ലാ ആഫിസര്‍ സി.എന്‍ രാധകൃഷ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.