സമൂഹത്തിലെ എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും മറ്റു പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.ഇത്തരക്കാരെ ചേർത്ത് പിടിച്ചു സവിശേഷ ശ്രദ്ധയാണ് സാമൂഹ്യ നീതി വകുപ്പ് നൽകി വരുന്നതെന്നും മന്ത്രി ഡോ.ആർ. ബിന്ദു വ്യക്തമാക്കി.സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത 5 വർഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്തിന് തിരുവനന്തപുരം ഐഎംജിയിൽ സംഘടിപ്പിക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭിന്നശേഷി വിഭാഗക്കാർക്കായി ഒട്ടേറെ പദ്ധതികളാണ് വകുപ്പ് നടപ്പാക്കി വരുന്നത്. ഭിന്നശേഷി പുനരധിവാസ മേഖലയിൽ വകുപ്പിന് കീഴിലെ നിഷും നിപ്മറും പോലുള്ള സ്ഥാപനങ്ങൾ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.ഭിന്നശേഷി മേഖലയിൽ ഏറ്റവും ഉദാത്തമായ മാതൃകയെന്ന നിലയിൽ കേരള സംസ്ഥാനത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സംസ്ഥാനം എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ചില പോരായ്മകളും സമൂഹത്തിന്റെ കാഴ്ചപ്പാടും മാറ്റി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പുതിയ കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി നൂതന സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി ഈ ജനവിഭാഗങ്ങളെ സ്വയംപര്യാപ്തരും, ആത്മാഭിമാനം ഉള്ളവരുമാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന് സഹായകരമാകുന്ന പദ്ധതികൾക്കും, പ്രവർത്തനങ്ങൾക്കും രൂപം നൽകേണ്ടത് അനിവാര്യമാണ്.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിന് ഇരയായവർ, മറ്റു ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനാണ് ശില്പശാല.
നൂതന സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി ഈ ജനവിഭാഗങ്ങളെ സ്വയം പര്യാപ്തമാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവർത്തനങ്ങൾക്ക് ശില്പശാല രൂപം നൽകും.
ശില്പശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് അടുത്ത 5 വർഷം നടപ്പാക്കേണ്ട സമഗ്ര പദ്ധതി രേഖ തയ്യാറാക്കും.സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ വി. കെ. രാമചന്ദ്രൻ, ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ, ഹോണററി ഡയറക്ടർ, CADRRE ജി. വിജയരാഘവൻ, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയഡാലി, ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ വി. എം കോയമാസ്റ്റർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന എന്നിവർ സന്നിഹിതരായിരുന്നു. ശില്പശാല ഏപ്രില്‍ 27ന് സമാപിക്കും.