രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാജിക്ക് ഷോ നടന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് പൊതുജനങ്ങള്‍ക്കായി മാജിക് അവതരിപ്പിച്ചത്. പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ നിന്നാണ് മാജിക് ആരംഭിച്ചത്. കാസര്‍കോട് കെ എസ് ആര്‍ ടി സി സ്റ്റാന്റ്, കാസര്‍കോട് പുതിയ സ്റ്റാന്റ്, കുമ്പള, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ മാജിക്ക് ഷോ നടന്നു. എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകാര്യതയാണ് മാജിക്ക് ഷോയ്ക്ക് ലഭിച്ചത്. പൊതുജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മാജിക്ക് ഷോ കാണികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന ഇന്ദ്രജാലങ്ങള്‍ക്കൊണ്ടും ആകര്‍ഷണീയമായി.