അന്തിമ പരിശോധന പൂര്‍ത്തിയാക്കി 5245 പട്ടയങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ 562 പട്ടയങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം ചെയ്യും. 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 463 പട്ടയങ്ങളും 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 29, എല്‍. റ്റി ക്രയ സര്‍ട്ടിഫിക്കറ്റ് പ്രകാരം 34 പട്ടയങ്ങളും, 33 വനാവകാശരേഖ, 2 ദേവസ്വം പട്ടയം 1995 ലെ മുനിസിപ്പല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഒരു പട്ടയവുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ അംഗീകരിച്ചിട്ടുള്ള 2594 പട്ടയങ്ങളും, സര്‍വ്വേ – സ്ഥല നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പതിവ് കമ്മിറ്റികളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള 2089 പട്ടയങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്ന 562 പട്ടയങ്ങളും ഉള്‍പ്പെടെ 5245 പട്ടയങ്ങള്‍ അടിയന്തരമായി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യുമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.
സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ നിയമാനുസൃതമായ ഭൂമി പതിവ് നടപടികളുടെ കൃത്യത ഉറപ്പുവരുത്തിക്കൊണ്ട് യോഗ്യമായ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സമഗ്ര നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 2423 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു