തിരുവല്ലയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഗോള്‍ കീപ്പറായിരുന്ന കെ.റ്റി ചാക്കോ ഉദ്ഘാടനം ചെയ്തു

കായികമികവിന്റെയും സ്വപ്‌നസാക്ഷാത്കാരത്തിന്റെയും കഥ പറഞ്ഞ ചിത്രങ്ങളുമായി ഫോട്ടോ വണ്ടി ജില്ലയില്‍ പര്യടനം നടത്തി. കേരള ഒളിമ്പിക്‌സ് ഗെയിംസിന് മുന്നോടിയായി മീഡിയ അക്കാദമി, പത്രപ്രവര്‍ത്തക യൂണിയന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ നിന്ന് ആരംഭിച്ച ഫോട്ടോവണ്ടിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. തിരുവല്ലയിലും പത്തനംതിട്ടയിലും പ്രൗഢഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.

കായിക കേരളത്തിന് കൈത്താങ്ങാവുന്ന സര്‍ക്കാരിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് പത്തനംതിട്ടയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി.സക്കീര്‍ഹുസൈന്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പത്ത് ആ നാടിന്റെ മാനവശേഷിയാണ്. ഒപ്പം പഴയകാലത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് കാണുന്നതിലൂടെ പ്രചോദനവും ഉത്സാഹവും വര്‍ദ്ധിപ്പിക്കാനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളക്ട്രേറ്റ് ജംഗ്ഷനില്‍ ആരംഭിച്ച ഘോഷയാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. പത്തനംതിട്ട നഗരസഭ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ഇളമണ്ണൂര്‍ ജയ്പിന്ദ് മാര്‍ഷല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് വിദ്യാലയത്തിലെ കുട്ടികളുടെ കരാട്ടെ ഡെമോയും ചടങ്ങിനെ സുന്ദരമാക്കി. ചന്ദ്രന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ പത്ത് വിദ്യാര്‍ഥികളാണ് കരാട്ടെ ഡെമോയില്‍ പങ്കെടുത്തത്. രേവതി.എസ്.നായരായിരുന്നു കുട്ടികളുടെ ലീഡര്‍. വാഹനത്തിന് അകമ്പടിയായി റോളര്‍ സ്‌കേറ്റിംഗ് വിദ്യാര്‍ഥികളുടെ പ്രകടനവും കണ്ണിഞ്ചിപ്പിക്കുന്നതായിരുന്നു.ഫോട്ടോ വണ്ടിയുടെ സാരഥി കോഴിക്കോട് സ്വദേഷി കുഞ്ഞുമുഹമ്മദ് ജില്ലയിലെ സ്വീകരണത്തില്‍ സന്തോഷം പങ്കുവെച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് പേരും വാഹനത്തെ അനുഗമിക്കുന്നുണ്ട്.

അഡ്വ.മാത്യു.ടി.തോമസ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.