വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

തിരൂര്‍ മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു.

ഭാഷാപിതാവിന്റെ മണ്ണ് ആതിഥ്യമരുളുന്ന ജനകീയോത്സവത്തിനായി ഇന്നലെ (ഏപ്രില്‍ 26) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന സംഘാടക സമിതി യോഗം താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ഉദ്ഘാടനം ചെയ്തു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എസ്.എസ്.എം പോളിടെക്നിക് കോളജിലുമായി മെയ് 10 മുതല്‍ 16 വരെയായി നടക്കുന്ന മെഗാ പ്രദര്‍ശന -വിപണന മേള വിജയിപ്പിക്കുന്നതിനായി മുഖ്യ സംഘാടക സമിതിക്ക് പുറമെ ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി 16 ലധികം ഉപസമിതികള്‍ക്കും രൂപം നല്‍കി. മേളയോടനുബന്ധിച്ചുള്ള പ്രദര്‍ശന – വിപണന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചെയര്‍മാനും എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജനറല്‍ കണ്‍വീനറും ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു കണ്‍വീനറുമാണ്.

പ്രോഗ്രാം കമ്മിറ്റി, എക്സിബിഷന്‍ -സ്റ്റാള്‍ അലോട്ട്മെന്റ്, ടെക്നിക്കല്‍, സെമിനാര്‍, വളണ്ടിയര്‍, പബ്ലിസിറ്റി കമ്മിറ്റി, ലോ ആന്‍ഡ് ഓര്‍ഡര്‍, ഫുഡ് സേഫ്റ്റി ആന്റ് സാനിറ്റേഷന്‍, മെഡിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, സ്റ്റേജ് – ലൈറ്റ് – സൗണ്ട്, റിസപ്ഷന്‍, ഫെസിലിറ്റേഷന്‍, ഫുഡ് ആന്റ് അക്കമഡേഷന്‍, റിഫ്രഷ്മെന്റ് തുടങ്ങിയ കമ്മിറ്റികളാണ് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചത്. പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ശാസ്ത്ര രംഗത്തെ കുതിപ്പുകള്‍ വ്യക്തമാക്കുന്ന ഐ.എസ്.ആര്‍. ഒയുടെ സ്റ്റാളാണ് മേളയുടെ പ്രധാന ആകര്‍ഷണം. കേരളത്തിന്റെ വ്യത്യസ്തമായ ടൂറിസം അനുഭവങ്ങളുടെ ആവിഷ്‌കാരമായ കേരളത്തെ അറിയാം സ്റ്റാള്‍, കേരള ചരിത്രം – അഭിമാന നേട്ടങ്ങള്‍ – പ്രതീക്ഷ ഭാവി എന്നിവ പ്രകടമാക്കുന്ന എന്റെ കേരളം തീം ഏരിയ, പുരാരേഖാവകുപ്പിന്റെ ചരിത്ര പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍, തീം സ്റ്റാളുകള്‍, സെമിനാറുകള്‍, കരകൗശല കാര്‍ഷിക, വ്യാവസായിക ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ 250 ഓളം സ്റ്റാളുകളാണ് മേളയിലുണ്ടാവുക. കൂടാതെ കുടുംബശ്രീയുടേത് ഉള്‍പ്പടെയുള്ള ഫുഡ് കോര്‍ട്ടുകള്‍, മൃഗസംരക്ഷണ വകുപ്പിന്റെ വെച്ചൂര്‍ പശു ഉള്‍പ്പടെയുള്ള കന്നുകാലി പ്രദര്‍ശനം, കാര്‍ഷിക-വ്യാവസായിക ഉപകരണ പ്രദര്‍ശനവും വിപണനവും വിവിധ കൃഷി രീതികളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയ്ക്ക് മാറ്റുകൂട്ടും. ശബ്ദ-ദൃശ്യ വിസ്മയങ്ങളുമായി പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാസന്ധ്യകളും പരിപാടിയ്ക്ക് ചാരുതയേകും. സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലൂടെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളിലെ സേവനങ്ങള്‍ ഉറപ്പാക്കാനും സാധിക്കും. മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.