നേട്ടങ്ങളും നഷ്ടങ്ങളും ഓര്‍മ്മപ്പെടുത്തി കായികലോകത്തിന് പുത്തന്‍ ഉണര്വേകിയായിരുന്നു ഫോട്ടോവണ്ടിയുടെ വരവ്. മികവുറ്റ താരങ്ങളുടെ സുന്ദര നേട്ടങ്ങള്‍ ആയിരുന്നു ഫോട്ടോവണ്ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കായികമത്സരങ്ങളില്‍ എത്രത്തോളം വേഗം പുലര്‍ത്തിയിരുന്നു എന്ന് ഓരോ ഫോട്ടോ ഫിനിഷ് ചിത്രങ്ങളും പറയുന്നു. അത്ലറ്റിക് മത്സരത്തില്‍ കാലുകളുടെ വേഗത ചിത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കായിക നേട്ടങ്ങള്‍ സ്വപ്നം കണ്ട് വളര്‍ന്നുവരുന്ന യുവസമൂഹത്തിന് ഈ മത്സരങ്ങളും അവയുടെ ചിത്രങ്ങളും എന്നും പ്രചോദനമാണ്.
1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ കേരളത്തിന്റെ അഭിമാനമായ പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി ഉഷയുടെ അത്ലറ്റിക്സില് മെഡല്‍ നഷ്ടമായത് തലനാരിഴ വ്യത്യാസത്തിലാണ്. കായിക താരങ്ങളുടെ മികവിന്റെ കൂടി കഥ പറയുന്ന ഓരോ ചിത്രത്തിലും തെളിഞ്ഞുവന്നത് ചരിത്രമാണ്. കായിക കേരളത്തിന്റെ കുലപതിയായ ഗോദവര്‍മ്മ രാജയുടെ ചരിത്രം മുതല്‍ സജന് പ്രകാശ് വരം മിന്നി മറയുന്ന ചിത്രത്തില്‍ നിന്നും പ്രചോദനത്തിന്റെ ഉള്‍കാഴ്ച കായിക വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചായിരുന്നു ഫോട്ടോവണ്ടിയുടെ യാത്ര. 31 കായിക താരങ്ങളുടെ ചരിത്ര നേട്ടങ്ങളുടെ ഫോട്ടോയുമായിട്ടാണ് യാത്ര തുടരുന്നത്.
ഒട്ടേറെ കായികതാരങ്ങളുടെ നേട്ടങ്ങളും അവരെപ്പറ്റിയുള്ള വിവരങ്ങളും അടയാളപ്പെടുത്തിയ ചരിത്രതാളുകളിലൂടെ ഉള്ള ഒരു സഞ്ചാരമാണ് ഫോട്ടോ വണ്ടി സമ്മാനിക്കുന്നത്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് തിരുവല്ല പാപ്പൻ എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ പാപ്പൻ 1948ൽ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഫുട്ബോൾ ടീമിലെ മലയാളി സാന്നിധ്യമായിരുന്നു. ടി.എം വർഗീസ് എന്നായിരുന്നു ഈ ഇതിഹാസ കായികതാരത്തിന്റെ പേര്. അതുപോലെ ചരിത്രത്തിൽ ഇടം നേടിയ ആദ്യമലയാളി ഒളിമ്പ്യനായിരുന്നു
മേജർ ജനറൽ സി.കെ ലക്ഷ്മണൻ എന്നറിയപ്പെടുന്ന ചെറുവരി ലക്ഷ്മണന്. 1924 പാരീസിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അത്ലറ്റിക്സിൽ രാജ്യത്തിനു വേണ്ടി പോരാടിയ ഇദ്ദേഹം കണ്ണൂർ സ്വദേശിയാണ്. നീന്തൽക്കുളത്തിൽ ഇന്ത്യയ്ക്ക് അഭിമാനം ആകുന്ന നേട്ടം കരസ്ഥമാക്കിയ സാജന്
പ്രകാശ് വരെയുള്ള നീണ്ട കായിക നിരയുടെ നേട്ടങ്ങളാണ് ഫോട്ടോ വണ്ടി പ്രദർശിപ്പിക്കുന്നത്. 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത് മറ്റൊരു ചരിത്രമാണ്.