പെരുങ്കടവിള പഞ്ചായത്തില്‍ പുഴനടത്തം സംഘടിപ്പിച്ചു

ജലസ്രോതസുകളുടെ ശുചീകരണവും ജല സമൃദ്ധി വീണ്ടെടുക്കലും ലക്ഷ്യമിട്ട് പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ‘തെളിനീര്‍ പെരുങ്കടവിള ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ടമായി സംഘടിപ്പിച്ച പുഴനടത്തം നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ ഉദ്ഘാടനം ചെയ്തു. മഞ്ചാടിതലയ്ക്കല്‍ തോട് ആരംഭിക്കുന്ന തലമണ്ണൂര്‍ക്കോണം മുതല്‍ നെയ്യാറിന്റെ തീരമായ പൂവന്‍കടവ് വരെയാണ് പുഴ നടത്തം സംഘടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായാണ് ‘തെളിനീര്‍ പെരുങ്കടവിള’ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള പഞ്ചായത്ത് പരിധിയില്‍ വരുന്ന മഞ്ചാടിതലയ്ക്കല്‍ തോടും ചിറ്റാറും ശുചീകരിക്കും. ആദ്യപടിയായി പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കും. കൂടാതെ പൊതുജന പങ്കാളിത്തത്തോടെ മാലിന്യ നിക്ഷേപം തടയുകയും കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ സ്രോതസുകളുടെ ഉപയോഗം കാര്യക്ഷമമാക്കുകയും ചെയ്യും.

ജലസ്രോതസുകളുടെ ശോചനീയാവസ്ഥ മനസിലാക്കുന്നതിനും മാലിന്യ ഉറവിടങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയോട് പി.ആര്‍.എസ് എഞ്ചിനീയറിംഗ് കോളേജ് ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പദ്ധതി പ്രദേശങ്ങളില്‍ വിശദമായ നിരീക്ഷണവും പഠനവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യമുക്ത നദീതട പരിപോഷണ സംരക്ഷണ പദ്ധതിയ്ക്ക് പഞ്ചായത്ത് രൂപം നല്‍കിയത്. തുടര്‍ന്നും ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ വികസന പദ്ധതി പ്രാവര്‍ത്തികമാക്കും. തൊഴിലുറപ്പ് പദ്ധതിയുടെയും ഇതര ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.