സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംരംഭകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനപരിപാടികളിലൂടെ കേരളത്തിലെ വ്യവസായ മേഖലയില്‍ മാറ്റം വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഓണ്‍ലൈനായി പരാതി കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം മെയ് മാസത്തോടെ ആരംഭിക്കും. ഇതിനായി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും രൂപീകരിക്കുന്ന കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകള്‍ക്കും ബാധകമാണ്. പരാതിയിന്‍ മേലുള്ള തീരുമാനം 15 ദിവസത്തിനകം നടപ്പാക്കണം. 30 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പിക്കണം.
തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ അടുത്ത ദിവസം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ അടയ്‌ക്കേണ്ടിവരും ഇത്രമാത്രം കരുത്തുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വിവരവകാശനിയമത്തിനു ശേഷം ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കുന്ന നിയമമാണ് വരാന്‍ പോകുന്നത്. സംവിധാനം ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മന്ത്രിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി കേട്ട് തീര്‍പ്പുകല്‍പിക്കേണ്ടി വരില്ല. ഭാവിയില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ഉദ്യേഗസ്ഥര്‍ തെറ്റായി വ്യാഖ്യാ നിക്കുന്നതാണ് വ്യവസായ മേഖലയില്‍ പരാതി ഉണ്ടാകാനുള്ള കാരണം.
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് സാധ്യത കൂടുതല്‍ ആണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കേരള ബ്രാന്റ് പ്രചരിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലും വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ഥികളില്‍ സംരംഭക മനോഭാവം ശക്തിപ്പെടുത്തുന്നതിന് 50 സംരംഭകത്വ വികസന ക്ലബുകളാണ് പത്തനംതിട്ടയില്‍ ഉള്ളത്. ജില്ലയിലെ വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണം.
തീര്‍ഥാടന ടൂറിസം, അതിന്റെ അനുബന്ധ സാധ്യതകള്‍, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങി ജില്ലയില്‍ രൂപീകരിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭത്തെക്കുറിച്ചും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്‌പോട് റെജിസ്‌ട്രേഷനായി ലഭിച്ച 15 പരാതികള്‍ ഉള്‍പ്പെടെ 68 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 17 എണ്ണം ഉടന്‍തന്നെ തീര്‍പ്പാക്കി. ഗവണ്‍മെന്റ് തലത്തില്‍ തീര്‍പ്പാക്കുന്നതിന് നാല് പരാതികളും മറ്റ് വകുപ്പുകളുമായും ബാങ്കുകളുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെ 32 പരാതികളും ലഭിച്ചു. വാണിജ്യ വ്യവസായ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, കിന്‍ഫ്രാ എം ഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.