ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി ആറന്മുള ടേക് എ ബ്രേക്ക് പദ്ധതി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സത്രക്കടവിനു സമീപം ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള വള്ളസദ്യയ്ക്കും, ജലമേളയ്ക്കും വരുന്നവര്‍ക്കും  തീര്‍ഥാടകര്‍ക്കും  ടേക് എ ബ്രേക്ക് പദ്ധതി സഹായകമാകും. ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ നാം എല്ലാവരും ഒന്നിച്ചു നിന്നാല്‍ അസാധ്യമായ കാര്യങ്ങള്‍ വരെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആറന്മുള ഗ്രാമ പഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ 26 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ടേക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തിയാക്കിയത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വിട്ടു നല്‍കിയ സ്ഥലത്താണ് ടേക്ക് എ ബ്രേയ്ക്ക് നിര്‍മിച്ചിരിക്കുന്നത്.