സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്ത് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. റേഷൻകാർഡിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ എത്രയും വേഗം കണ്ടെത്തുമെന്ന് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കൊണ്ട് മരണപ്പെടുന്ന ഒരു സാഹചര്യത്തിലേയ്ക്ക് എത്തപ്പെടരുതെന്ന് കരുതിയുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.

ചാലക്കുടി നഗരസഭയുടെയും ചാലക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന തൃശൂർ വിധവ വികസന സഹകരണ സംഘത്തിൻ്റെയും സഹകരണത്തോടെ ചാലക്കുടി സബ് ട്രഷറിക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. സുഭിക്ഷാ പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാകും. നഗരപ്രദേശത്ത് തൊഴിൽ തേടി വരുന്നവർ, ചെറിയ ജോലി ചെയ്തു ജീവിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡൻ്റ് ലീനാ ഡേവിസ് എന്നിവർ പങ്കെടുത്തു.