പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പുരോഗതി വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും വനംമന്ത്രി എ കെ ശശീന്ദ്രനും. മൂന്ന് മാസത്തിനുള്ളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വനംമന്ത്രി പറഞ്ഞു. തൃശൂരുകാരുടെ ഈ സ്വപ്നം പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. മൂന്ന് ഘട്ടങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ സമാന്തരമായാണ് നടന്ന് വരുന്നത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ 75 ശതമാനം പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മെയ് മാസം പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായാണ് നടന്നുവരുന്നത്. എട്ട് കൂടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമായിരിക്കും തൃശൂരിലെ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ മാറ്റുക. മെയ് മാസത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. രണ്ട് പ്രളയവും കോവിഡ് മഹാമാരിയും വന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ട് പോകാനായെന്നും മന്ത്രി കൂട്ടിചേര്‍ത്തു.