കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷക്കാലമായി നായരങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡ് എന്ന സ്ഥാപനം. വാടക കെട്ടിടത്തില്‍ 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി 5 സെന്റ് ഭൂമി വാങ്ങി 1350 സ്‌ക്വയര്‍ഫീറ്റ് അളവുള്ള പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും യൂണിറ്റ് അംഗങ്ങള്‍ക്കാണ്. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെനീഷ് പി ജോസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.