നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ മഴക്കെടുതികളിലൂടെയാണ് ജില്ല കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താനുളള അവസരമാണിതെന്നും അതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. സര്‍ക്കാര്‍ മികച്ച പിന്തുണയാണ് ജില്ലയ്ക്കു നല്‍കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെതടക്കം സേവനം മികച്ച അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എട്ടായിരത്തോളം പേരെ കേമ്പുകളില്‍ പുനരധിവസിപ്പിക്കേണ്ടി വരും. നിലവില്‍ നൂറു കേമ്പുകളിലായി 5522 പേര്‍ കഴിയുന്നുണ്ട്. കൂടുതലായി 25 ഓളം കേമ്പുകള്‍ കണ്ടെത്താന്‍ തഹദില്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴ ശക്തമാകുമ്പോള്‍ വീണ്ടും വെള്ള കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേമ്പ് ഒരുക്കുന്നത് ഒഴിവാക്കാന്‍ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. കോട്ടത്തറ ഏഴാം വാര്‍ഡ് കമ്യുണിറ്റി ഹാളില്‍ സജ്ജമാക്കിയ കേമ്പില്‍ മലവെള്ളം കയറിയതിനെ തുടര്‍ന്ന് കേമ്പിലുള്ളവരെ രാത്രി തന്നെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് തീരുമാനം. താലൂക്ക് ഓഫിസുകളിലെ പ്രവര്‍ത്തനം കേമ്പുകളിലേക്കു കൂടി വ്യാപിപ്പിക്കണം. താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് കേമ്പുകളുടെ അധിക ചുമതല കൂടി നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫിസര്‍മാര്‍ക്കായിരിക്കും കേമ്പിന്റെ പ്രഥമ ചുമതല. തഹസില്‍ദാര്‍, ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കാണ് തുടര്‍ ചുമതല. മുഴുവന്‍ കേമ്പിലുമെത്തി കാര്യങ്ങള്‍ പരിശോധിച്ച് എല്ലാ ദിവസവും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
നിലവില്‍ കേമ്പിന്റെ പ്രവര്‍ത്തനത്തിനുള്ള ഫണ്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും വകുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കേമ്പുകളില്‍ പ്രധാനമായും ഭക്ഷണം, ആരോഗ്യം, കുടിവെളളം, തുണി, വെളിച്ചം എന്നിവ ഉറപ്പു വരുത്തണം. കേമ്പിലെ സൗകര്യങ്ങളൊന്നും മോഷമാവരുത്. കേമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനായി സര്‍ക്കാര്‍ സേവനങ്ങളെ കൂടാതെ തല്‍പ്പരരായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തും. എല്ലാ കേമ്പിലും മെഡിക്കല്‍ സംഘത്തിന്റെ സേവനവും ശുദ്ധമമായ കുടിവെള്ളവും ലഭ്യമാക്കും. എമര്‍ജനന്‍സി മെഡിസിന്‍, വാക്‌സിനേഷന്‍ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കമ്പിളി അടക്കമുള്ള അവശ്യ തുണികള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അസുഖമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് കേമ്പില്‍ മുന്‍ഗണ നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ടോയിലറ്റുകളിലടക്കം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാന്‍ എച്ച്.ഐമാര്‍ക്ക് നിര്‍ദേശം നല്‍കും. ആയിരത്തോളം പേര്‍ താമസിക്കുന്ന പനമരം കേമ്പില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി തടസം നേടിരുന്ന കേമ്പുകളിലും സൗകര്യമൊരുക്കും. ജില്ലയിലെത്തുന്ന ദുരന്തനിവാരണ സേനയ്ക്കു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഹൗസും സൈനികര്‍ക്ക് ടൂറിസം വകുപ്പിന്റെ ഡോര്‍മെറ്ററികളും വിട്ടു കൊടുക്കും.
വൈത്തിരി താലൂക്കില്‍ 43 ഉം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 15ഉം മാനന്തവാടി താലൂക്കില്‍ 42 ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുത്. 1416 കുടുംബങ്ങളില്‍ നിന്നും 5522 പേരാണ് കേമ്പുകളില്‍ താമസിക്കുന്നത്.