പെണ്‍കുട്ടികള്‍ വീടിനുള്ള അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വനിതാ സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംഘടനകളുടെ നേതൃസംഗമത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡനത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തേണ്ടതുണ്ട്. ജാഗ്രതാ സമിതികളുടെ ഇടപെടലിലൂടെ ഇത്തരം അക്രമങ്ങള്‍ ഇല്ലാതാക്കാനാവും. നിര്‍ഭയ സമിതികള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാതൃക നിര്‍ഭയ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.