നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടി മേയ് 6 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് നിർവഹിക്കും. നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെകുറിച്ചുള്ള ലഘു വീഡിയോ പ്രദർശനം, നിയമസഭാ മ്യൂസിയം തയാറാക്കിയ നിയമസഭയെക്കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം. എൽ. എ., ലൈബ്രറി ഉപദേശക സമിതി അംഗങ്ങൾ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുൻ പാർലമെന്റ് അംഗങ്ങൾ, സാമാജികർ, മുൻസാമാജികർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാഹിത്യകാരൻമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്‌സൺ, വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രമോദ് നാരായൺ എം.എൽ.എ. മോഡറേറ്ററാകുന്ന ‘കേരളം സാമൂഹ്യ പരിവർത്തനത്തിന്റെ അക്ഷര വഴികൾ’ എന്ന സെമിനാറിൽ കെ. വി. മോഹൻകുമാർ വിഷയം അവതരിപ്പിക്കും, ബെന്യാമിൻ, കുരീപ്പുഴ ശ്രീകുമാർ, രേഖാരാജ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന കലാപരിപാടിയിൽ അമ്പലപ്പുഴ സുരേഷ് വർമ്മയും സംഘവും ഓട്ടൻതുള്ളൽ അവതരിപ്പിക്കും.