മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികൾ പ്രവർത്തിക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രിയിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതും പൊതുആരോഗ്യ മേഖലയിലേയ്ക്ക് കൂടുതലാളുകളെ എത്തിക്കേണ്ടതും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കുമെന്നും വാർഡുകളും ഓപ്പറേഷൻ തിയറ്ററുകളും അടങ്ങുന്ന പുതിയ കെട്ടിടത്തിൻ്റെ പണികൾ നബാർഡ് സഹായത്തോടെ 12 കോടി ചെലവിൽ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനായി 3.47 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നാഷണൽ ഹെൽത്ത് മിഷൻ വഴി ടെണ്ടറുകൾ പൂർത്തീകരിച്ച് എച്ച്.എ.എൽ ലൈഫ് കെയറാണ് നിർമ്മാണ ചുമതലകൾ നിർവഹിക്കുന്നത്.