റോഡ് നിര്‍മ്മാണ പുനരുദ്ധാരണ കാര്യങ്ങളില്‍ തിരുവല്ല നിയോജകമണ്ഡലത്തിന് മുന്തിയ പരിഗണനയാണു നല്‍കി വരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ജലവിഭവവകുപ്പു മന്ത്രി മാത്യു ടി. തോമസിന്റെ അഭ്യര്‍ത്ഥന {പകാരം അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത പൊതു മരാമത്ത്, കെ.എസ്.ടി.പി., റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തിരുവല്ല മണ്ഡലത്തിലെ റോഡുകളെ സംബന്ധിച്ച അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ തന്നെ മുന്നൂറു കോടി രൂപയുടെ പദ്ധതികള്‍ മണ്ഡലത്തിനായി അനുവദിച്ചുകഴിഞ്ഞു. അതിനും പുറമേ ശബരിമല റോഡ് വികസനത്തിനായി ഇരുനൂറു കോടി രൂപ അനുവദിക്കുന്നതില്‍ അറുപതു കോടിയും പത്തനംതിട്ട ജില്ലയ്ക്കും അതില്‍ത്തന്നെ പത്തുകോടിയോളം രൂപ തിരുവല്ല നിയോജകമണ്ഡലത്തിനുമാണു ലഭിക്കുക. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തീകരിക്കും.
എം.സി. റോഡിന്റെ തിരുവല്ല ടൗണ്‍ ഭാഗം പുതിയതായി നിര്‍മ്മിക്കുന്നതിന് ലോകബാങ്കിന്റെ അനുമതി ആയിക്കഴിഞ്ഞു. കെ.എസ്.ടി.പി.യാണ് ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്. അതില്‍ തിരുവല്ല മഴുവങ്ങാട് ചിറ മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തിനു സമാന്തരമായ ബൈപ്പാസ് മാത്രമേ നേരത്തെ കെ.എസ്.ടി.പി ഏറ്റെടുത്തിരുന്നുള്ളൂ. ഇപ്പോള്‍ ടൗണ്‍ ഭാഗം കൂടി ഏറ്റെടുപ്പിച്ചിരിക്കുകയാണ്. എട്ടര കോടി രൂപ ചെലവു വരുന്ന ഈ പ്രവൃത്തിക്കാണ് ലോക ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. സെപ്തംബര്‍ 27നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ \ിര്‍മാണം ആരംഭിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് രാമന്‍ചിറ ഭാഗത്ത് ഇന്റര്‍ലോക്ക് ഉള്‍പ്പെടെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുന്നത്. ആറന്മുള വള്ളംകളി പ്രമാണിച്ചുള്ള ഉപരാഷ്ട്രപതിയുടെ സന്ദര്‍ശത്തോടനുബന്ധിച്ച് വിവിഐപി പരിഗണന നല്‍കി പ്രത്യേക ഫണ്ടുപയോഗിച്ച് ടൗണിന്റെ അറ്റകുറ്റപ്പണി പൂര്‍ണ്ണമായി നിര്‍വഹിക്കും. കെ.എസ്.ടി.പി. തന്നെ ഏറ്റെടുത്തിട്ടുള്ള അമ്പലപ്പുഴ നിന്നും പൊടിയാടി വഴിയുള്ള റോഡ് തിരുവല്ല കുരിശുകവല വരെയാണ്. നിരവധി സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കി വേണം വന്‍തുകയ്ക്കുള്ള പല പദ്ധതികളും നടപ്പിലാക്കാന്‍. ചില സ്ഥലങ്ങളില്‍ സ്ഥലമെടുപ്പ് നടത്തി മാത്രമേ ആ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ. കാലതാമസം ഒഴിവാക്കാന്‍ കഴിയാത്ത അങ്ങനെയുള്ള റോഡുകളുടെ കാര്യത്തില്‍, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്ന മന്ത്രി മാത്യു ടി. തോമസിന്റെ ആവശ്യം പരിഗണിച്ച് അധികച്ചെലവ് ഏറ്റെടുത്തുപോലും തല്‍ക്കാലത്തേക്കുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു.
കെ.എസ്.ടി.പി. റോഡുകള്‍, കിഫ്ബി പദ്ധതിയില്‍പ്പെട്ട റോഡുകള്‍, പൊതുമരാമത്ത് വകുപ്പ് സ്വന്തമായി ചെയ്യുന്ന റോഡുകള്‍ എന്നിവ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് ഏറ്റവും മികച്ച റോഡുകളുള്ള മണ്ഡലങ്ങളിലൊന്നായി രണ്ടു വര്‍ഷത്തിനകം തിരുവല്ല മാറുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളിലൊന്ന് തിരുവല്ലയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞ കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അഭ്യര്‍ത്ഥന മാനിച്ച് യോഗം വിളിക്കുകയും വിശദമായ വിലയിരുത്തല്‍ നടത്തുകയും ചെയ്തതിന് പൊതുമരാമത്തുമന്ത്രിയോടുള്ള കടപ്പാട് തിരുവല്ലക്കാര്‍ക്കുവേണ്ടി അറിയിക്കുന്നതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. എല്ലാ പദ്ധതികളും പറഞ്ഞ രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.