അപൂര്‍വ്വ ചിത്രങ്ങളും പുസ്തകങ്ങളും തീര്‍ത്ത കാഴ്ച്ചയുടെ ലോകത്തിലൂടെ സന്ദര്‍ശകര്‍ സഞ്ചരിച്ചത് സംസ്ഥാന നിയമസഭയുടെ പ്രൗഢ ചരിത്രത്തിലേക്കാണ്. ഓര്‍മ്മകളിലേക്ക് തിരിച്ചുപോയവരുടെ മുഖത്ത് സന്തോഷത്തിളക്കം. വിലപ്പെട്ട അറിവുകള്‍ കുറിച്ചെടുക്കാന്‍ സമയം കണ്ടെത്തിയവരുമുണ്ടായിരുന്നു. നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ റെയ്‌ബാൻ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഇതുവരെയുള്ള എല്ലാ നിയമസഭകളിലെയും അംഗങ്ങളുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിമാരുടെയും സപീക്കര്‍മാരുടെയും ലഘു ജീവചരിത്രവും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു.

നിയമസഭാ ലൈബ്രറിയിലെ പുസ്തക ശേഖരത്തിന്‍റെ ഒരു ഭാഗവും പ്രദർശനത്തിനെത്തിച്ചിരുന്നു. പഞ്ചാഗം മുതലുള്ള പുസ്തകങ്ങള്‍, നിയമസഭാ സാമാജികരുടെ രചനകൾ, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രോസീഡിംഗ്സ്, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം -ഇംഗ്ലീഷ് നിഘണ്ടു തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.