വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി. വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇടുക്കിയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളടക്കം പരിഹരിച്ച് മുമ്പോട്ട് പോകാന്‍ ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ ജനാധിപത്യവല്‍ക്കരണത്തിന് കരുത്തായി വില്ലേജാഫീസുകളെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാന്‍ വില്ലേജാഫീസുകള്‍ സ്മാര്‍ട്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ അഡ്വ.എ രാജ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

44 ലക്ഷം രൂപ മുടക്കിയാണ് വെള്ളത്തൂവല്‍ വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്. ഫ്രന്റ് ഓഫീസ് സംവിധാനം, ശുചിമുറികളടക്കം പുതിയ ഓഫീസ് കെട്ടിടത്തില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. വാഴൂര്‍ സോമന്‍ എം എല്‍ എ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഇടുക്കി എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാപഞ്ചായത്തംഗം സോളി ജീസസ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, ദേവികുളം തഹസീല്‍ദാര്‍ നൗഷാദ്, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.