തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനു തുടക്കമായി. കേരളത്തിലെ ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസു വരെ പ്രായപരിധിയിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വേ ചെയ്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ശേഖരിക്കുന്നത്. ജില്ലയിലെ പരിശീലനം ലഭിച്ച 2180 എന്യൂമറേറ്റര്‍മാര്‍ മേയ് എട്ടു മുതല്‍ മേയ് 15 വരെ വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തീകരിക്കും.
കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന് എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിനിലൂടെ സാധ്യമാകട്ടെയെന്ന് എംഎല്‍എ പറഞ്ഞു.സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ അധ്യക്ഷത വഹിച്ചു.