‘ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന  ജാലവിദ്യ’- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു. സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാംഗോ ട്രീ മാജിക് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കൗതുകമുണര്‍ത്തി. മാജിക് കാണാന്‍ തടിച്ച് കൂടിയ ജനങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് വളര്‍ത്തി മാവ് ആക്കി മാങ്ങ പറിച്ചെടുത്ത് കാഴ്ചക്കാര്‍ക്ക് തന്നെ വിതരണം ചെയ്തത്.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തെരുവ് മാജിക് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാജിക് ഷോ ആസ്വാദക ഹൃദയങ്ങളില്‍ അത്ഭുതവും അമ്പരപ്പും ഒരുപോലെ സൃഷ്ടിച്ചുവെന്നും അദ്ദേഹം ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും എംഎല്‍എ പറഞ്ഞു.