സംസ്ഥാനത്ത് 35 സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിച്ചു
സംസ്ഥാനത്ത് ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. തിരുവനന്തപുരം കാട്ടാക്കട താലൂക്കില്‍ സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈയില്‍ നിന്ന് തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. തെരുവില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആധാര്‍ ലിങ്ക് ചെയ്ത് രണ്ടുലക്ഷത്തിലധികം ആള്‍ക്കാര്‍ക്ക് 11 മാസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സുഭിക്ഷ ഹോട്ടലുകള്‍ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യ ഘട്ടമായാണ് 35 സുഭിക്ഷ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തത്. കാട്ടാക്കട ജംഗ്ഷനു സമീപമുള്ള കെട്ടടത്തിലാണ് ജില്ലയിലെ പുതിയ സുഭിക്ഷ ഹോട്ടല്‍ തുറന്നിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭിക്കും. മറ്റ് സ്പെഷല്‍ വിഭവങ്ങള്‍ക്കും വിലക്കുറവുണ്ട്.
ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, പൊതുവിതരണ ഉപഭോക്ത്യകാര്യ കമ്മീഷണര്‍ ഡി.സജിത് ബാബു എന്നിവരും പങ്കെടുത്തു.